സുരക്ഷാ കവചമൊരുക്കി കെ. കാർത്തിക് ഐ.പി.എസ്
കരുതലിന്റെ കാവലാളാണ് കെ. കാർത്തിക് ഐ.പി.എസ്. ഓഫീസിനകത്തെ ശീതികരിച്ച മുറിയിലിരുന്ന് സെറ്റിലൂടെ ഓർഡറുകൾ കൈമാറുകയല്ല എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായ ഇദ്ദേഹം ചെയ്യുന്നത്. പോലിസുദ്യോഗസ്ഥരോടൊപ്പം നിന്ന് അവരിലൊരാളായ് സേവനമനുഷ്ഠിക്കുന്നു: ... അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നു... കുറവുള്ളതിന് അപ്പപ്പോൾ പരിഹാരം കാണുന്നു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ആഴ്ചയായി രാപ്പകൽ ഭേദമെന്യേ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.
പ്രവാസികൾ വിമാനമിറങ്ങുന്നതു മുതൽ ക്വാറന്റൈയിനിൽ എത്തിക്കുന്നതു വരെ കാർത്തിക്കിന്റെ മിഴിനീളുന്നു. അവസാന യാത്രക്കാരനും പോയ ശേഷം അവലോകന യോഗം നടത്തി പോലിസുകാരെ വിശ്രമത്തിനയച്ച ശേഷമാണ് മടക്കം. ഇതിനിടയിലെ ഭക്ഷണവും എയർപോർട്ടിന് വെളിയിൽ കസേരയിട്ട് അതിലിരുന്ന് കഴിക്കും... അതിഥി തൊഴിലാളികളോട് കെ.കാർത്തിക് സ്വീകരിച്ച സമീപനം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. അവർക്ക് കമ്യുണിറ്റി കിച്ചൻ ഒരുക്കിയും, ടെലിവിഷൻ സെറ്റുകളും, കാരംസ് ബോർഡുകളും സമ്മാനിച്ചും , മെഡിക്കൽ പരിശോധനകൾ നടത്തിയും, അവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതും ശ്രദ്ധേയമാണ്. നാട്ടിലെത്തിയ ശേഷം അതിഥി തൊഴിലാളികൾ ജില്ലാ പോലിസ് ആസ്ഥാനത്തേക്ക് നന്ദി വിളിച്ചറിയിച്ചതും സേവനത്തിന്റെ നന്മയാണ് വിളിച്ചോതുന്നത്.
കോവിഡ് കാലത്തെ കിച്ചൻ ഗാർഡൻ ചാലഞ്ചിന് മികച്ച അംഗീകാരമാണ് ലഭിച്ചത്. തൊടിയിൽ നിന്നും ഒരു മുറം പച്ചക്കറി വിളയിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ മാതൃക കേരളത്തിലെ മുഴുവൻ യൂണിറ്റിലേയ്ക്കും വ്യാപിപ്പിക്കാൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ നിർദ്ദേശവും നൽകി. പോലിസുകാരുടെ സുരക്ഷയ്ക്ക് എസ് .പി നടപ്പാക്കിയ സെയ്ഫ് പബ്ലിക് സെയ്ഫ് പോലിസ് പദ്ധതിയും ഏറെ ചർച്ച ചെയ്യപ്പെട്ടു.
Comments (0)